കല്ലടിക്കോട്: നാലു സ്കൂൾകുട്ടികളടക്കം നിരവധിപേർ അപകടത്തിൽ മരിക്കുകയും 32 പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്ത പനയമ്പാടത്തെ റോഡ് നവീകരണം പൂർത്തിയാകുമ്പോൾ അപകടസാധ്യത ഏറുമെന്ന് ആശങ്ക. അപകടങ്ങൾ കുറയ്ക്കാനായി വാട്ടർ ബാരിക്കേഡുകൾ സ്ഥാപിച്ചെങ്കിലും അപകടങ്ങൾ തുടർന്നു.
ഇപ്പോൾ കോൺക്രീറ്റ് ബാരിക്കേഡുകൾ റോഡിനു നടുവിലൂടെ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. 1.35 കോടി രൂപയിൽ നിർമിക്കുന്ന ഈ ഭാഗത്ത് മതിയായ അഴുക്കു ചാലുകളോ ഇരുഭാഗത്തും നടപ്പാതകളൊ നിർമിക്കാൻ നിർമാണ കമ്പനി തയ്യാറായിട്ടില്ല. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലേയ്ക്കു പോകുകയും വരുകയും ചെയ്യുന്ന കുട്ടികളും അധ്യാപകരും നടപ്പാത ഇല്ലാത്തതിനാൽ പലപ്പോഴും റോഡിലൂടെയാണ് നടക്കുന്നത്. ഇത് അപകടങ്ങൾ വരുത്തിവെയ്ക്കുമെന്നാണ് കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും പറയുന്നത്.
കുത്തനെയുള്ള ഇറക്കവും വളവും കയറ്റവും ഉള്ള ഈ ഭാഗത്ത് സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്ന മേഖലയായി മാറി. റോഡിന്റെ ചെരിവ് മൂലം പലപ്പോഴും ഭാരവാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയുന്നതും എതിരെ വരുന്ന വാഹനങ്ങളിൽ ഇടിക്കുന്നതും പതിവാണ്. റോഡ് വീതികൂട്ടാനായി ഒരുവശത്ത് ഇന്റർ ലോക്ക് കട്ടകൾ വിരിച്ചെങ്കിലും മറുഭാഗത്ത് കട്ടകൾ വിരിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ബസിറങ്ങി നടന്നുപോകുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർ റോഡ് മുറിച്ച് കടക്കുമ്പോൾ വാഹനങ്ങളുടെ മുന്നിൽപെടുന്നത് പതിവാണ്. ആവശ്യത്തിന് തെരുവ് വിളക്കുകൾ പോലും സ്ഥാപിക്കാൻ കമ്പനി തയ്യാറായിട്ടില്ല. നടപ്പാതകളും അഴുക്കുചാലുകളും പൂർണമായും നിർമിക്കാത്തതിൽ നാട്ടുകാർ പനയമ്പാടത്ത് പ്രതിഷേധസംഗമം നടത്തി.